- Back to Home »
- Apple , MacBook , Technology »
- 'ഒന്‍പതാം ഗ്രഹം' ഈവര്‍ഷം തന്നെ കണ്ടെത്താന്‍ സാധ്യത
Apr 8, 2016
ശനിയെ നിരീക്ഷിക്കുന്ന നാസയുടെ കാസിനി പേടകം നല്‍കുന്ന വിവരങ്ങളും, 'ഡാര്‍ക്ക് എനര്‍ജി സര്‍വ്വേ'യില്‍ നിന്നുള്ള ഡേറ്റയും ഉപയോഗിച്ച് ഒന്‍പതാം ഗ്രഹത്തെ തിരിച്ചറിയാം എന്നാണ് പ്രതീക്ഷ

'എന്നെ സംബന്ധിച്ചിടത്തോളം 'ഒന്‍പതാം ഗ്രഹം' വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്; സൗരയൂഥത്തില്‍ ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 700 മടങ്ങ് ദൂരെയാണ് അതുള്ളതെങ്കിലും'-അന്യഗ്രഹങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന ഗവേഷക വിദ്യാര്‍ഥിയായ എസ്തര്‍ ലിന്‍ഡര്‍ പറഞ്ഞു. ഭൂമിയും സൂര്യനും തമ്മിലുള്ള അകലമാണ് ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ( AU ).

സൗരയൂഥത്തില്‍ പ്ലൂട്ടോയ്ക്കുമപ്പുറം ഇരുണ്ടലോകത്ത് സ്ഥിതിചെയ്യുന്നതായി കരുതുന്ന 'ഒന്‍പതാം ഗ്രഹം' ( Planet Nine ) ഈ വര്‍ഷമവസാനത്തോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ.
രണ്ട് അമേരിക്കന്‍ ഗവേഷകരാണ് ഈ വര്‍ഷമാദ്യം സൗരയൂഥത്തില്‍ 'ഒന്‍പതാം ഗ്രഹം' ഉണ്ടെന്ന് പ്രവചിച്ചത്. അതെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള ഗവേഷകര്‍ അതിനെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ്.
ശനിഗ്രഹത്തെ നിരീക്ഷിക്കുന്ന നാസയുടെ 'കാസിനി പേടകം' ഉപയോഗിച്ച് അജ്ഞാത ഗ്രഹത്തെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. 'സിറ്റസ്' ( Cetus ) നക്ഷത്രഗണത്തിന്റെ ദിശയില്‍ 600 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ( AU ) അകലെ 'ഒന്‍പതാം ഗ്രഹം' കണ്ടെത്താമെന്ന സൂചന കാസിനി കഴിഞ്ഞ മാസം നല്‍കിയിരുന്നു.
അതിനൊപ്പം, 'ഡാര്‍ക്ക് എനര്‍ജി സര്‍വ്വേ' എന്ന പ്രോജക്ടും 'ഒന്‍പതാം ഗ്രഹ'ത്തെ കണ്ടെത്താന്‍ സഹായിച്ചേക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തിന്റെ വിശാലഘടന പഠിക്കാന്‍ 2013 ല്‍ ആരംഭിച്ചതാണ് ഈ പദ്ധതി.
സൗരയൂഥത്തിലെ ഒരു നിഗൂഢ ഗ്രഹം കണ്ടെത്താന്‍ വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഒന്നല്ല ഡാര്‍ക്ക് എനര്‍ജി സര്‍വ്വേ. പക്ഷേ, യാദൃശ്ചികമായി അതിപ്പോള്‍ ഇങ്ങനെയോരു കാര്യത്തില്‍ പ്രയോജനപ്പെടുന്നു എന്നുമാത്രം.
അഞ്ചുവര്‍ഷത്തെ ഡാര്‍ക്ക് എനര്‍ജി സര്‍വ്വേ രണ്ടുവര്‍ഷം പിന്നിട്ട് കഴിഞ്ഞു. ഇതിനകം അതില്‍നിന്ന് ലഭിച്ച ഡേറ്റ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒന്‍പതാം ഗ്രഹത്തിന്റെ സ്ഥാനം നിശ്ചയിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
കാസിനിയില്‍ നിന്നുള്ള വിവരങ്ങളും കൂടിച്ചേരുമ്പോള്‍ കണ്ടെത്തല്‍ കൂടുതല്‍ എളുപ്പമാകുമെന്ന് ഗവേഷകര്‍ കരുതുന്നതായി 'മെയില്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിയെക്കാള്‍ നാലിരട്ടി വലുപ്പം
2016 ജനവരിയില്‍ യു.എസില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരായ കോണ്‍സ്റ്റാന്റിന്‍ ബട്ട്യാഗിന്‍, മൈക്ക് ബ്രൗണ്‍ എന്നീ ഗവേഷകരാണ് 'ഒന്‍പതാം ഗ്രഹം' ഉള്ളതായി പ്രവചിച്ചത്. കമ്പ്യൂട്ടര്‍ മാതൃകകളും ഗണിതസങ്കേതവുമുപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഒരു ഭീമന്‍ ഗ്രഹം സൗരയൂഥത്തിന്റെ വിദൂരഭാഗമായ കിയ്പ്പര്‍ ബല്‍റ്റില്‍ ഉണ്ടെന്ന നിഗമനത്തില്‍ അവരെത്തിയത്.
![]() |
| Ad സൗരയൂഥത്തിന്റെ വിദൂര മേഖലയായ കിയ്പ്പര്‍ ബെല്‍റ്റിലുണ്ടെന്ന് കരുതുന്ന അജ്ഞാത ഗ്രഹത്തിന്റെ വിചിത്ര ഭ്രമണപഥം-കാല്‍ടെകിലെ പ്രൊഫ. മൈക്ക് ബ്രൗണ്‍ കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തത് |
ഭൂമിയെക്കാള്‍ വലുപ്പമുള്ളതാണ് 'ഒന്‍പതാം ഗ്രഹ'മെന്നും, ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ 500 മടങ്ങ് അകലെയാണ് അത് സ്ഥിതിചെയ്യുന്നതെന്നും അവര്‍ പ്രവചിച്ചു. വലിയ ആകാംക്ഷയാണ് ശാസ്ത്രലോകത്ത് ആ പ്രവചനം സൃഷ്ടിച്ചത്.
അന്നു മുതല്‍ അജ്ഞാത ഗ്രഹത്തിന്റെ സവിശേഷതകളും സ്ഥാനവും നിശ്ചയിക്കാന്‍ ലോകമെങ്ങും ശ്രമം നടക്കുകയായിരുന്നു. ഇപ്പോഴിതാ, എന്താകാം 'ഒന്‍പതാം ഗ്രഹ'ത്തിന്റെ വലുപ്പമെന്നും ആന്തരഘടനയെന്നുമുള്ള വിവരങ്ങള്‍ സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ രണ്ട് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നു.
ബേണ്‍ സര്‍വ്വകലാശാലയിലെ ഗ്രഹപരിണാമ വിദഗ്ധരായ ക്രിസ്റ്റോഫ് മൊര്‍ദാസിനി, എസ്തര്‍ ലിന്‍ഡര്‍ എന്നിവരാണ് 'ഒന്‍പതാം ഗ്രഹ'ത്തിന്റെ സവിശേഷതകള്‍ എങ്ങനെയാകാമെന്ന് കണക്കുകൂട്ടിയത്. 'ഒന്‍പതാം ഗ്രഹം' ഒരു 'ഹിമഭീമന്‍' ( ice-giant ) ആണെന്ന് അവര്‍ പറയുന്നു. ഭൂമിയെ അപേക്ഷിച്ച് 3.7 മടങ്ങ് വലുപ്പമുണ്ട് അതിനെന്നും അവര്‍ നിഗമനത്തിലെത്തി.
![]() |
മൊര്‍ദാസിനിയും ലിന്‍ഡറും നടത്തിയ കണക്കുകൂട്ടലനുസരിച്ച്, യുറാനസ്, നെപ്ട്യൂണ്‍ എന്നിവയുടെ ഒരു ചെറുവകഭേദമാണ് 'ഒന്‍പതാം ഗ്രഹം'.
ഭൂമിയുടെ പത്തുമടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് കരുതുന്ന ഗ്രഹമാണത്. ഇതുപ്രകാരം ഭൂമിയുടെ 3.7 മടങ്ങ് ചുറ്റളവ് 'ഒന്‍പതാം ഗ്രഹ'ത്തിനുണ്ടെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു അവര്‍. അജ്ഞാത ഗ്രഹത്തിന്റെ താപനില മൈനസ് 226 ഡിഗ്രിയാണെന്നും ഗവേഷകര്‍ പറയുന്നു.
മാത്രമല്ല, 'ഒന്‍പതാം ഗ്രഹ'ത്തിന്റെ ആന്തരഘടനയും ഗവേഷകര്‍ തയ്യാറാക്കി. ഇരുമ്പടങ്ങിയ അകക്കാമ്പ് ( core ) ആണ് ഗ്രഹത്തിനുള്ളതെന്ന് അവര്‍ പറയുന്നു. സിലിക്കേറ്റ് മാന്റിലും അതിന് മുകളില്‍ മഞ്ഞുപാളിയും വാതകപാളിയും ഉള്ളതാണ് ഘടന.
അതേസമയം, സൗരയൂഥത്തില്‍ പുതിയ ഗ്രഹം ഉണ്ടെന്ന പ്രവചനം സ്ഥിരീകരിക്കാന്‍ സമയമായിട്ടില്ലെന്നാണ് കഴിഞ്ഞ ജനവരിയില്‍ നാസ മുന്നറിയിപ്പ് നല്‍കിയത്.


