- Back to Home »
- iPhone , Mobile »
- പുതിയ ഐഫോണും ഐപാഡ് പ്രോയും ഇന്ത്യയില്‍
Apr 12, 2016
ഐഫോണ്‍ എസ്ഇയ്ക്ക് 39,000 രൂപ മുതലാണ് വില; 9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോയ്ക്ക് 49,900 രൂപയും
![]() |
| ആപ്പിളിന്റെ പുതിയ ഐഫോണ്‍ എസ്ഇ |
ആപ്പിളിന്റെ പുതിയ ഐഫോണോ ഐപാഡോ അവതരിപ്പിച്ച ശേഷം ഇത്രയും വേഗം ഇന്ത്യയിലെത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 21 ന് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ ( iPhone SE ), 9.7 ഇഞ്ച് ഐപാഡ് പ്രോ ( iPad Pro ) എന്നിവ ഇക്കാര്യത്തില്‍ റിക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മാര്‍ച്ച് 8 ന് ഈ രണ്ട് ഗാഡ്ജറ്റുകളും ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി.
ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം വര്‍ധിക്കുന്നതിന്റെ സൂചനയായി ഇത് കണക്കാക്കാം. മുമ്പ് പുതിയ ഐഫോണ്‍ മോഡല്‍ അവതരിപ്പിച്ചാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ മാസങ്ങളോളം അതിനായി കാത്തിരിക്കണമായിരുന്നു. ഇപ്പോള്‍ കാത്തിരിപ്പിന്റെ കാലം കഴിയുന്നു.
നാലിഞ്ച് സ്‌ക്രീന്‍ വലിപ്പവും അത്യന്താധുനിക സംവിധാനങ്ങളുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഐഫോണ്‍ എസ്ഇ. അതിന് 39,000 രൂപ മുതലാണ് ഇന്ത്യയില്‍ വില. 9.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള പുതിയ ഐപാഡ് പ്രോ വകഭേദത്തിന് വില 49,900 രൂപ മുതലും.
![]() |
| 9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് പ്രോ |
മൂന്ന് വര്‍ഷം മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ മോഡലിന്റെ വലിപ്പമുള്ള ഐഫോണ്‍ എസ്ഇയില്‍, പക്ഷേ ആറുമാസം മുമ്പ് കമ്പനി അവതരിപ്പിച്ച ആധുനിക ചിപ്പ്‌സെറ്റാണുള്ളത്; എ9 ചിപ്പ്‌സെറ്റ്.
32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഐഫോണ്‍ എസ്ഇ മോഡലിനാണ് വില 39,000 രൂപ. 64 ജിബി മോഡലിന് 49,000 രൂപയാണ് ഇന്ത്യയില്‍ വില.
ഐഫോണ്‍ 6എസിലേതു പോലെ ഐഫോണ്‍ എസ്ഇയിലും 12 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. ഐഫോണ്‍ 5എസില്‍ 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കുക. മാത്രമല്ല, ഐഫോണ്‍ 5എസിനെക്കാള്‍ ആയുള്ള ബാറ്ററിയാണ് ഐഫോണ്‍ എസ്ഇയിലുള്ളത്. വേഗതയേറിയ വയര്‍ലെസ്സ് കണക്ഷനുമുണ്ട്.
കമ്പനിയുടെ ഡിജിറ്റല്‍ വാലറ്റ് സര്‍വീസായ 'ആപ്പിള്‍ പേ' പുതിയ ഐഫോണില്‍ പ്രവര്‍ത്തിക്കും. വെള്ളി, സ്വര്‍ണ്ണം, സ്‌പേസ് ഗ്രേ, റോസ് ഗോള്‍ഡ് എന്നീ നാല് നിറങ്ങളില്‍ ഐഫോണ്‍ എസ്ഇ ലഭിക്കും.
ആപ്പിള്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 12.9 ഇഞ്ച് ഐപാഡ് പ്രോയുടെ വലിപ്പം കുറഞ്ഞ പതിപ്പാണ് 9.7 ഇഞ്ചുള്ള ഐപാഡ് പ്രോ. വൈഫൈ കണക്റ്റിവിറ്റി മാത്രമുള്ള 32 ജിബി മോഡലിനാണ് ഇന്ത്യയില്‍ 49,900 രൂപ നല്‍കേണ്ടത്. വൈഫൈയ്‌ക്കൊപ്പം സെല്ലുലാര്‍ കണക്ഷന്‍ കൂടിയുള്ള 32 ജിബി മോഡലിന് 61,900 രൂപയാണ് വില.
ഐപാഡ് പ്രോയ്‌ക്കൊപ്പം വില്‍ക്കുന്ന 'ആപ്പിള്‍ പെന്‍സിലി'ന് ഇന്ത്യയില്‍ 8,600 രൂപ നല്‍കണം. സ്മാര്‍ട്ട് കീബോര്‍ഡിന് 13,900 രൂപയും.

