- Back to Home »
- Memory Cards , SanDisk , USB Flash Drives »
- സാന്‍ഡിസ്കിന്റെ 200 ജിബി വയര്‍ലെസ് മെമ്മറി സ്റ്റിക്ക് ഇന്ത്യയില്‍; വില 9990 രൂപ......
Apr 6, 2016
മെമ്മറി സ്റ്റിക്കിലെ ഡാറ്റ സ്മാര്‍ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ വയര്‍ലെസായി അയയ്ക്കാന്‍ കഴിയും
ഡാറ്റ സ്റ്റോറേജിനായി പെന്‍ഡ്രൈവും കീശയില്‍ തിരുകി നടന്ന കാലമൊക്കെ പഴഞ്ചനാകുകയാണ്. കാഴ്ചയില്‍ പെന്‍ഡ്രൈവിനോട് സാമ്യമുള്ള വയര്‍ലെസ് മെമ്മറി സ്റ്റിക്കുകളാണിപ്പോഴത്തെ ട്രെന്‍ഡ്.
ഇതിനുള്ളിലെ ഡാറ്റ സ്മാര്‍ട്‌ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ വയര്‍ലെസായി അയയ്ക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ സൗകര്യം. ഒരേ സമയം മൂന്ന് ഗാഡ്ജറ്റുകളിലേക്ക് വരെ ഇങ്ങനെ ഡാറ്റ അയയ്ക്കാന്‍ സാധിക്കും.
വയര്‍ലെസ് മെമ്മറി സ്റ്റിക്കില്‍ ഒരു സിനിമയുണ്ടെന്ന് കരുതുക. അത് സ്മാര്‍ട്‌ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ പ്രദര്‍ശിപ്പിക്കാന്‍ ഒരു സെക്കന്‍ഡ് മതി.
ഫോണിലെ ഇന്റേണല്‍ മെമ്മറി മുഴുവന്‍ ഫോട്ടോകള്‍ കൊണ്ട് നിറയുന്നു എന്ന പരാതിയുണ്ടെങ്കില്‍ ഞൊടിയിടകൊണ്ട് അതെല്ലാം മെമ്മറി സ്റ്റിക്കിലേക്ക് മാറ്റാന്‍. എല്ലാം വയര്‍ലെസ് ആയി നടക്കുമെന്നതിനാല്‍ യു.എസ്.ബി. കേബിള്‍ കൊണ്ടുനടക്കേണ്ട ആവശ്യമേയില്ല.
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പ് വഴിയാണ് സ്മാര്‍ട്‌ഫോണുകളെ മെമ്മറി സ്റ്റിക്കുമായി ബന്ധിപ്പിക്കുന്നത്. എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളുമായും ആപ്പിള്‍ ഐ.ഒ.എസ്. ഫോണുകളുമായും മെമ്മറി സ്റ്റിക്ക് ചേര്‍ന്നുപ്രവര്‍ത്തിച്ചുകൊള്ളും. അതോടെ ഫോണിലെ മെമ്മറി തീരുമെന്ന പേടിയേ വേണ്ട.
അത്യാവശ്യം വേണ്ട ഡോക്യുമെന്റുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം മെമ്മറി സ്റ്റിക്കില്‍ തന്നെ സൂക്ഷിക്കാം. ആവശ്യം വരുമ്പോള്‍ മെമ്മറി സ്റ്റിക്ക് ഓണാക്കിയാല്‍ മതി നമുക്ക് വേണ്ട ഫയലുകള്‍ സ്മാര്‍ട്‌ഫോണില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാം.
അമേരിക്കന്‍ കമ്പനിയായ സാന്‍ഡിസ്‌ക് ആണ് വയര്‍ലെസ് മെമ്മറി സ്റ്റിക്കുകളുടെ പ്രധാനപ്പെട്ട നിര്‍മാതാക്കള്‍. ആദ്യം 32 ജിബിയും പിന്നീട് 64 ജിബിയും സ്‌റ്റോറേജ് ശേഷിയുള്ള മെമ്മറി സ്റ്റിക്കുകള്‍ വിപണിയിലെത്തിച്ച സാന്‍ഡിസ്‌ക് ഏറ്റവുമൊടുവില്‍ അവതരിപ്പിച്ചത് 200 ജിബി മെമ്മറി സ്റ്റിക്കാണ്.
'കണക്ട്' വയര്‍ലെസ് സ്റ്റിക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ഗാഡ്ജറ്റ് ഈയാഴ്ച മുതല്‍ ഇന്ത്യയിലും വില്പനയ്‌ക്കെത്തി. ഇ-ടെയ്‌ലിങ് സൈറ്റായ ആമസോണ്‍ വഴി വില്പനയാരംഭിച്ച കണക്ട് 200 ജിബി വയര്‍ലെസ് മെമ്മറി സ്റ്റിക്കിന് 9,990 രൂപയാണ് വില.

