- Back to Home »
- ഐഫോണ്‍ എസ്ഇ ഏപ്രില്‍ ആദ്യം ഇന്ത്യയില്‍; വില 39,000 രൂപ
Apr 2, 2016
സ്‌ക്രീന്‍ വലിപ്പം നാലിഞ്ചേ ഉള്ളുവെങ്കിലും ആപ്പിള്‍ തൊട്ടുമുമ്പിറക്കിയ ഐഫോണ്‍ 6എസിന്റെ എല്ലാ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങളും ഐഫോണ്‍ എസ്ഇയിലുണ്ട്
സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പം നാലിഞ്ചില്‍ നിന്ന് 4.7 ഇഞ്ചിലേക്കും അഞ്ച് ഇഞ്ചിലേക്കുമൊക്കെ പുരോഗമിച്ചിട്ട് നാളുകളേറെയായി. അഞ്ചരയിഞ്ചുള്ള സ്മാര്‍ട്‌ഫോണുകളും നന്നായി വിറ്റുപോകുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ ഇറക്കിയ പുതിയ സ്മാര്‍ട്‌ഫോണിന്റെ വലിപ്പമറിഞ്ഞാല്‍ പലരുടെയും. നാലിഞ്ച് സ്‌ക്രീനുമായാണ് ഐഫോണ്‍ എസ്ഇ ( iPhone SE ) എന്ന പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചത്.
സ്മാര്‍ട്‌ഫോണ്‍ ലോകം വലിയ സ്‌ക്രീനിലേക്ക് ചുവടു മാറ്റുമ്പോള്‍ ആപ്പിള്‍ മാത്രം ചെറിയ സൈസിലേക്ക് തിരിച്ചുപോയതെന്തുകൊണ്ട്? അതിനുള്ള ഉത്തരം ആപ്പിള്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക്ക് പറയും:
'ചെറിയ ഫോണുകളെ അതിയായി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അവരില്‍ പലരും ഐഫോണിന്റെ നാലിഞ്ച് മോഡല്‍ ഉപയോഗിച്ചവരാണ്. അങ്ങനെയുള്ളവരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് ഞങ്ങള്‍ വീണ്ടുമൊരു ചെറുഫോണ്‍ അവതരിപ്പിച്ചത്'.
ജോസ്‌വിയാക്കിന്റെ വിശദീകരണം തള്ളുകയോ കൊള്ളുകയോ ചെയ്യാം. പക്ഷേ ഐഫോണിന്റെ മുന്‍മോഡലായ ഐഫോണ്‍ 4എസ് ഉപയോഗിച്ചവരുടെയെല്ലാം മനസില്‍ നൊസ്റ്റാള്‍ജിയയുടെ അലകളുയര്‍ത്താന്‍ ഐഫോണ്‍ എസ്ഇ വഴിയൊരുക്കുമെന്ന കാര്യമുറപ്പ്.
സ്‌ക്രീന്‍ വലിപ്പം നാലിഞ്ചേ ഉള്ളുവെങ്കിലും ആപ്പിള്‍ തൊട്ടുമുമ്പിറക്കിയ ഐഫോണ്‍ 6എസിന്റെ എല്ലാ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങളും ഐഫോണ്‍ എസ്ഇയിലുണ്ട്. 1136X640 പിക്‌സല്‍ റിസൊല്യൂഷനുളള ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.
ആപ്പിള്‍ എ9 പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി/64 ജിബി സ്റ്റോറേജ്, 12 മെഗാപിക്‌സല്‍ പിന്‍ക്യാമറ എന്നിവയാണ് ഐഫോണ്‍ എസ്ഇയിലുള്ളത്. 6എസിലും ഇതേ സ്‌പെസിഫിക്കേഷന്‍ തന്നെയാണുള്ളത്.
മുന്‍ക്യാമറയുടെ കാര്യത്തില്‍ മാത്രം എസ്ഇ അല്‍പ്പം പുറകിലാണ്. ഇതില്‍ 1.2 മെഗാപിക്‌സല്‍ മുന്‍ക്യാമറയാണുള്ളത്. ഐഫോണ്‍ 6എസിലെ മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണെന്നോര്‍ക്കുക.
ഐ.ഒ.എസ്. 9.3 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ എസ്ഇയുടെ ബാറ്ററി ശേഷി എത്രയാണെന്ന കാര്യം ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.
സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രെ, റോസ്‌ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ ഏപ്രില്‍ ആദ്യവാരത്തോടെ ഇന്ത്യയിലും വില്പനയ്‌ക്കെത്തും. 39,000 രൂപയ്ക്കാകും ഇന്ത്യയില്‍ ഈ ഫോണ്‍ വില്‍ക്കുക.
ഇന്ത്യ, ചൈന പോലുള്ള വമ്പന്‍ വിപണികളെ ലക്ഷ്യമാക്കിയാണ് ആപ്പിള്‍ ഇത്തരമൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. 45,000 രൂപ മുടക്കി ഐഫോണ്‍ 6എസ് വാങ്ങുന്നതിലും നല്ലത് അതേ ഫീച്ചറുകളുള്ള എസ്ഇ 39,000 രൂപയ്ക്ക് വാങ്ങുന്നതല്ലേ എന്ന് ഇന്ത്യക്കാര്‍ ചിന്തിക്കുമെന്ന് കമ്പനി കരുതുന്നുണ്ടാകും.
ആപ്പിളിന്റെ പഴയ നാലിഞ്ച് സ്‌ക്രീന്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 60 ശതമാനം പേരും വലിയ സ്‌ക്രീനുള്ള ഫോണുകളിലേക്ക് മാറാന്‍ താത്പര്യം കാട്ടുന്നില്ല. ഉപയോഗിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള സൗകര്യം കാരണം നാലിഞ്ച് സ്‌ക്രീന്‍ ഫോണ്‍ മതിയെന്ന് വാശി പിടിക്കുന്നവരാണിവര്‍. അത്തരക്കാര്‍ക്ക് പ്രലോഭനമാകും പുതിയ മോഡലെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടല്‍.
