Apr 3, 2016

ചെറുതിന്റെ സൗന്ദര്യമായിരുന്നു അത്. ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നും 140 ക്യാരക്ടറില്‍ അധികമാകാന്‍ പാടില്ലെന്ന നിബന്ധന തുടക്കത്തില്‍ പലരെയും അമ്പരപ്പിച്ചു




ട്വിറ്ററിനെക്കുറിച്ച് മുമ്പാരോ പറഞ്ഞു, ലോകത്തെ ചുരുക്കെഴുത്ത് പഠിപ്പിച്ചത് ട്വിറ്ററാണെന്ന്! ശരിയാണ്, വെറും 140 ക്യാരക്ടറുള്ള ട്വീറ്റുകള്‍ ആശയവിനിമയത്തിന്റെ പുതിയ ചരിത്രമാണ് രചിച്ചത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പിറന്നിട്ട് പത്തുവര്‍ഷം തികയുന്നു. 
പത്തുവര്‍ഷം മുമ്പ് ഇതേ ദിവസം ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി അയച്ച 'just setting up my twttr' എന്ന സന്ദേശത്തോടെയായിരുന്നു ട്വിറ്റര്‍ എന്ന അത്ഭുതപ്രതിഭാസത്തിന്റെ പിറവി. ഡോര്‍സിയെക്കൂടാതെ, ഇവ് വില്യംസ്, ബിസ് സ്‌റ്റോണ്‍, നോഹ ഗ്ലാസ് എന്നിവര്‍ എന്നിവര്‍ ചേര്‍ന്നാണ് 2006 ല്‍ ട്വിറ്റര്‍ തുടങ്ങിയത്.
അന്ന് സ്വാധീനമുറപ്പിക്കുന്ന ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ട്വിറ്റര്‍. ചെറുതിന്റെ സൗന്ദര്യമായിരുന്നു അത്. ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നും 140 ക്യാരക്ടറില്‍ അധികമാകാന്‍ പാടില്ലെന്ന നിബന്ധന തുടക്കത്തില്‍ പലരെയും അമ്പരപ്പിച്ചു. ട്വിറ്ററിന് ഭാവിയുണ്ടോ എന്നുപോലും പലരും സംശയിച്ചു. 
അത്തരം സംശയങ്ങളെല്ലാം കാറ്റില്‍പറത്തിക്കൊണ്ടുള്ള മുന്നേറ്റം ട്വിറ്റര്‍ നടത്തുന്നതിന് തുടര്‍വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചു. പുതിയൊരു ഇന്റര്‍നെറ്റ് സംസ്‌ക്കാരം തന്നെ ട്വിറ്റര്‍ വഴി ഉടലെടുത്തു. അതിന്റെ ആണിക്കല്ലുകളിലൊന്ന് 2007ല്‍ ക്രിസ് മെസ്സിന അവതരിപ്പിച്ച 'ഹാഷ്ടാഗ്' ( hashtag ) സങ്കല്‍പ്പമായിരുന്നു. സോഷ്യല്‍ മീഡിയയുടെ തന്നെ പ്രധാനഫീച്ചറുകളിലൊന്നായി ഇപ്പോള്‍ ഹാഷ്ടാഗ് മാറിയിരിക്കുന്നു. 
2011ല്‍ അറബ് വസന്തത്തിന് തുണയായത് ട്വിറ്ററാണ്. 2012ല്‍ ബാരക് ഒബാമ വീണ്ടും യു.എസ്.പ്രസിഡന്റ് പദത്തിലെത്തിയപ്പോള്‍ നടത്തിയ ട്വീറ്റാണ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ട ട്വിറ്റര്‍ സന്ദേശം. ഇന്ന് ഒബാമ മുതല്‍ നരേന്ദ്ര മോദി വരെയുള്ള ലോകനേതാക്കളുടെ പ്രതികരണം ജനങ്ങളിലെത്തുന്ന ആദ്യ പ്ലാറ്റ്‌ഫോം ട്വിറ്ററാണ്. 

ടിറ്റര്‍: അറിയേണ്ട വസ്തുതകള്‍ -
* ട്വിറ്റര്‍ തുടങ്ങിയത് 2006 മാര്‍ച്ച് 21 ന്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഇപ്പോള്‍ ട്വിറ്റര്‍.
* റിയല്‍-ടൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ഓരോ ദിവസവും ലോകത്താകെ പോസ്റ്റുചെയ്യപ്പെടുന്നത് 50 കോടി ട്വീറ്റുകളാണ്. ഒരുവര്‍ഷം 20,000 കോടി ട്വീറ്റുകള്‍. 
* ട്വിറ്ററില്‍ സജീവമായി ഇടപെടുന്ന 32 കോടി അംഗങ്ങളുണ്ട്. അതില്‍ 25.4 കോടി അംഗങ്ങള്‍ യു.എസിന് വെളിയിലാണെന്ന് ട്വിറ്റര്‍ അറിയിക്കുന്നു.
* ലോഗിന്‍ ചെയ്യാതെ ഏതാണ്ട് 50 കോടി പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഡോര്‍സി പറയുന്നു.
* മറ്റ് സൈറ്റുകളില്‍ എംബഡ് ചെയ്ത ട്വീറ്റുകള്‍ പ്രതിമാസം 100 കോടി ആളുകള്‍ കാണുന്നതായും കമ്പനി അറിയിക്കുന്നു.
* ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ളയാള്‍ കാത്തി പെറി ആണ്. 8.4 കോടി പേര്‍ അവരെ ട്വിറ്ററില്‍ പിന്തുടരുന്നു. 7.7 കോടി ഫോളോവേഴ്‌സുള്ള ജസ്റ്റിന്‍ ബീബര്‍ ആണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള ടെയ്‌ലര്‍ സ്വിഫ്റ്റിന് 7.2 കോടി ഫോളോവേഴ്‌സുണ്ട്.
* ട്വിറ്ററില്‍ 714 ലക്ഷം ഫോളോവേഴ്‌സുള്ള ബാരക് ഒബാമയാണ് ലോകനേതാക്കളില്‍ മുന്നില്‍. ജോര്‍ദാനിലെ രാജ്ഞി റാണിയ ആണ് രണ്ടാംസ്ഥാനത്ത്; 460 ലക്ഷം പേര്‍ അവരെ പിന്തുടരുന്നു. 430 ലക്ഷം ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 187 ലക്ഷം ഫോളോവേഴ്‌സുണ്ട്. 
* പരസ്യങ്ങളാണ് ട്വിറ്ററിന്റെ മുഖ്യ വരുമാനമാര്‍ഗം. 2015ല്‍ 220 കോടി ഡോളര്‍ (ഏതാണ്ട് 14500 കോടി രൂപ) ആണ് കമ്പനിയുടെ വരുമാനം. 2014ല്‍ ഇത് 140 കോടി ഡോളര്‍ ആയിരുന്നു.
* വരുമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ട്വിറ്റര്‍ ഇതുവരെ ലാഭത്തിലായിട്ടില്ല. തുടങ്ങിയിട്ട് പത്ത് വര്‍ഷമായിട്ടും കമ്പനി നഷ്ടത്തിലാണോടുന്നത്. കഴിഞ്ഞ വര്‍ഷം 52.1 കോടി ഡോളര്‍ ആയിരുന്നു നഷ്ടം.

Popular Post

Old Posts

Powered by Blogger.