- Back to Home »
- Microsoft »
- പരസ്യങ്ങളുടെ ശല്യം തീർക്കാൻ ആഡ് ബ്ലോക്കറുമായി മൈക്രോസോഫ്റ്റ്...
Apr 5, 2016
മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എഡ്ജില്‍ (Edge)ല്‍ കമ്പനി തന്നെ ആഡ് ബ്ലോക്കര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വാര്‍ത്ത. ആഡ് ബ്ലോക്കറുകള്‍ ബ്രൗസര്‍ ഉപയോഗിക്കുന്നയാള്‍ക്ക് പരസ്യ ശല്യം ഒഴിവാക്കാന്‍ ഉത്തമാമാണ്. പക്ഷെ, പല ഫ്രീ വെബ്‌സൈറ്റുകളുടെയും വരുമാനം പരസ്യത്തില്‍ നിന്നാണ് എന്നതിനാല്‍ ആഡ്‌ബ്ലോക്കറുകള്‍ ആവയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുകയും ചെയ്യും.
വര്‍ഷങ്ങളായി മൈക്രോസോഫ്റ്റ് എഡ്‍ജ്, ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍, ഗൂഗിൾ ക്രോം, മോസില ഫയര്‍ഫോക്‌സ്, ആപ്പിള്‍ സഫാരി തുടങ്ങി എല്ലാ പ്രധനപ്പെട്ട ബ്രൗസറിലും ആഡ് ബ്‌ളോക്കറുകൾ ആഡ്-ഓണ്‍ (add-on) ആയി ഇന്‍സ്റ്റോള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമായിരുന്നല്ലോ. അതുകൊണ്ട് മൈക്രോസോഫ്റ്റ് സ്വന്തമായി ആഡ് ബ്ലോക്കര്‍ സൃഷ്ടിക്കുന്നു എന്നതില്‍ വലിയ കാര്യമില്ല. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ iOSലെ സഫാരിയില്‍ പോലും ആഡ് ബ്ലോക്കറുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ അനുവദിച്ചു തുടങ്ങിയിരുന്നു.
പലരും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഡിഫെന്‍ഡര്‍ (Windows Defender) തങ്ങളുടെ പിസിയില്‍ ആന്റി വൈറസിനു പകരമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആന്റി വൈറസ് സൃഷ്ടാക്കളുടെ പ്രൊഡക്ടുകളുടെ ചിലവു കുറഞ്ഞിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം ആഡ് ബ്ലോക്കര്‍ സൃഷ്ടാക്കള്‍ക്കും അടിയാകാം. നിലവിലുള്ള ആഡ് ബ്ലോക്കറുകളില്‍ പൈസ കൊടുക്കേണ്ടവയും ഫ്രീയും ഉണ്ട്. ചില ആഡ്‌ബ്ലോക്കറുകള്‍ സ്‌പൈവെയറുകളാണ് എന്ന ആരോപണവും നിലവിലുണ്ട്. അതായത,് അവ നമ്മള്‍ വിസിറ്റു ചെയ്യുന്ന സൈറ്റിലുള്ള പരസ്യം ലോഡാകുന്നതു തടയും എങ്കിലും നമ്മള്‍ ഏതൊക്കെ വെബ്‌സൈറ്റിലാണ് പോകുന്നത് എന്നതിനെ പറ്റിയൊക്കെ അറിഞ്ഞ് ആ ഡേയ്റ്റ വിറ്റു കാശാക്കുന്നു എന്നാണ് പറയുന്നത്.
ആഡ്‌ബ്ലോക്കറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ ഗുണനിലവാരമുള്ള ഫ്രീ കണ്ടെന്റ് ചിലപ്പോള്‍ പെയ്ഡ് ആയി മാറിയേക്കാം. ഇപ്പോള്‍ തന്നെ ചില പ്രധാന ടെക്‌നോളജി വെബ്‌സൈറ്റുകള്‍ ആഡ് ബ്ലോക്കറിന്റെ സാന്നിധ്യം മനസിലായാല്‍ ''തങ്ങളുടെ വരുമാനം പരസ്യത്തില്‍ നിന്നാണെന്നും തങ്ങളുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ബ്രൗസറിലുള്ള ആഡ് ബ്ലോക്കര്‍ നിര്‍വീര്യമാക്കണമെന്നും'' അഭ്യര്‍ത്ഥിക്കാറുണ്ട്.
