എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. ഒരു ചിത്രം കണ്ട് അതെന്താണെന്ന് എണ്‍പത് ശതമാനമെങ്കിലും ഉറപ്പിച്ചശേഷമേ ഫെയ്‌സ്ബുക്ക് അതേക്കുറിച്ച് മിണ്ടൂ. വിവാദ ഉള്ളടക്കമുള്ള ചിത്രങ്ങളാണെങ്കില്‍ മൗനം പാലിക്കും. 
'സ്‌ക്രീന്‍ റീഡര്‍' എന്ന പ്രത്യേക സംവിധാനമുപയോഗിച്ചാണ് കാഴ്ചശക്തിയില്ലാത്തവര്‍ നിലവില്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പ്രവര്‍ത്തിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ തെളിയുന്ന കാര്യങ്ങളെല്ലാം വായിച്ചുകേള്‍പ്പിക്കുന്ന വിദ്യയാണിത്. 
'സ്‌ക്രീന്‍ റീഡര്‍' ഉപയോഗിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ വിശദീകരിച്ചുനല്‍കാനുള്ള സൗകര്യം ട്വിറ്റര്‍ പോലുള്ള സൈറ്റുകളിലുണ്ട്. എന്നാല്‍ സ്‌ക്രീന്‍ റീഡറിന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ തനിയെ സംസാരിക്കും എന്നതാണ് ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്ന സംവിധാനത്തിന്റെ പ്രത്യേകത. 
നിലവില്‍ ആപ്പിള്‍ ഐ.ഒ.എസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ ഫെയ്‌സ്ബുക്ക് സൂത്രം ആന്‍ഡ്രോയ്ഡിലേക്കും വെബ്ബിലേക്കും ഉടന്‍ എത്തുമെന്നറിയുന്നു.
ഫോട്ടോകളാണ് തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാനശക്തിയെന്ന് ഫെയ്‌സ്ബുക്ക് തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്‌ക്കാരം. നേരത്തെ ഫോട്ടോ ക്യാപ്ഷനുകളുടെ ഫോണ്ട് സൈസ് വര്‍ധിപ്പിക്കാനും വീഡിയോകള്‍ക്കായി ക്ലോസ്ഡ് ക്യാപ്ഷന്‍ ഏര്‍പ്പെടുത്താനും ഫെയ്‌സ്ബുക്ക് ഓപ്ഷനുകള്‍ കൊണ്ടുവന്നിരുന്നു. 
ആരെങ്കിലും പോസ്റ്റ് ചെയ്യാന്‍ പോകുന്ന ഫോട്ടോയുടെ ഉള്ളടക്കം പരിശോധിച്ച് അത് മറ്റുള്ളവര്‍ക്ക് അലോസരം സൃഷ്ടിക്കുന്നതാണോ എന്ന് കണ്ടെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ഫെയ്‌സ്ബുക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഒരു മുന്നറിയിപ്പും ഇനി ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടും.